പുറപ്പെട്ടവൾ, ക്രൂശിക്കപ്പെട്ടവൾ,ഉയിർത്തെഴുന്നേറ്റവൾ
മലയാളം.
..........................................................................................
നിന്റെ ഓരോ താരസ്വരത്തിലും ഞാൻ വിരലോടിക്കട്ടെ.
നിന്നെ ഞാൻ മടിയിലെടുത്ത് മീട്ടട്ടെ.
നിന്റെ ചുകന്ന ആരോഹണങ്ങളിൽ ഊളിയിടട്ടെ.
നിന്റെ താളങ്ങളുടെ ജലോദ്യാനത്തിൽനിന്ന് ഒരു താമരയിതൾ.
നിന്റെ ലയങ്ങളുടെ പുറ്റിൽനിന്ന് ഒരു പവിഴപ്പൊട്ട്.
മതി.
(മലയാളം- സച്ചിദാനന്ദൻ)
ഭ്രമണപഥങ്ങളിൽ നിന്നും തെന്നിത്തെറിച്ചുപോയ ഒരു ലോകം. സർവ്വതിനെയും റാഞ്ചിയെടുത്തു പറക്കുന്ന കാലം. കൂട്ടിവയ്ക്കാൻ കഴിയാത്തത്ര ചെറു ക്രിസ്റ്റലുകളായി ചിന്നിച്ചിതറിയ കണ്ണാടി പോലുള്ള ക്രമങ്ങൾ. ഉടയാടകൾ ഉരിഞ്ഞുമാറ്റപ്പെട്ട തിരക്കുപിടിച്ച ഒരു കാർണിവലിലേക്ക് പ്രദർശിപ്പിക്കപ്പെട്ട ജീവിതത്തിന്റെ ഋതുക്കൾ.
ഭൂമിയുടെ താളഭംഗങ്ങളിൽ മനുഷ്യന്റെ ജീവിതവും അതിജീവനവും ലാക്കാക്കിയുള്ള തത്വരഹിതമായ ഇടപെടൽ. മനുഷ്യന്റെ ജീവിതം മാത്രം പ്രധാനം എന്ന ചുരങ്ങൽ. സുഖമെന്നാൽ മനുഷ്യന്റേത് മാത്രം എന്ന സ്വാർത്ഥം. അപ്പോഴോ ഭൂമിയിലാകെയും ഒരു റീപ്ലേസ്മെന്റിന്റെ തിരക്ക്.
പുഴയെ അതിന്റെ ഒഴുക്കിൽ നിന്ന്, കാറ്റിനെ അതിന്റെ ആകാശങ്ങളിൽ നിന്ന്,കാടിനെ അതിന്റെ വന്യതയിൽ നിന്ന്, പക്ഷികളെ അതിന്റെ ചില്ലകളിൽ നിന്ന്, പൂക്കളെ അതിന്റെ വസന്തങ്ങളിൽ നിന്ന്,മണ്ണിരയെ അതിന്റെ ഉഴവുചാലുകളിൽ നിന്ന്, മരങ്ങളെ അതിന്റെ മണ്ണിൽനിന്ന്, കുടിയിറക്കുന്നപോലെ ഒരു കുഴമറിച്ചിൽ. ഭൂമിയെ അതിന്റെ പഞ്ചഭൂതങ്ങളിൽ നിന്ന് തടയുന്നപോലെ നാം ജീവിതത്തെ അതിന്റെ തനിമകളിൽ നിന്നും ഉച്ചാടനം ചെയ്യുന്നു. അധിനിവേശത്തിന്റെ അന്തകവിത്തുകൾ നാം എല്ലായിടവും പാകിമുളപ്പിക്കുന്നു.
‘ഇദം ന മമ’ എന്ന കുലീനമായ മനോഭാവത്തോടെ, ആദരവോടെ പ്രപഞ്ചത്തിന്റെ പ്രാപഞ്ചികതയെയും ഭൂമിയുടെ ജൈവികതയെയും സമീപിച്ച് ജീവിതത്തെ നട്ടുനനച്ച് വളർത്തി പരിപാലിക്കുന്നതിനു പകരം ‘നേതി നേതി’ എന്ന സുഖാന്വേഷണ തൃഷ്ണയോടെ നാം ഇന്നിതാ ഒരു ഡിജിറ്റൽ യുഗത്തിൽ എത്തി. ആ യാത്രയിൽ കൂടെ കൂട്ടേണ്ടതും അവശ്യം കരുതേണ്ടതുമായ, എല്ലാ തലമുറകൾക്കും വേണ്ടി നെഞ്ചോടടക്കിപ്പിടിക്കേണ്ടതുമായ എല്ലാ മൂല്യങ്ങളെയും വഴിയിലെവിടെയോ വലിച്ചെറിഞ്ഞു. സ്നേഹം, മമത, കാരുണ്യം, പാരസ്പര്യം, ഒക്കെയും പൊലിഞ്ഞ് മനുഷ്യന്റെ ജീവിതവും മനസ്സും ആൾപ്പാർപ്പില്ലാത്ത ഒരു വീടുപോലെ ഭയനകം, വിഹ്വലം.
സ്നേഹിക്കേണ്ടതിനോട് കലഹിച്ചും അടുക്കേണ്ടതിനോട് അതിവിദൂരത പാലിച്ചും കൂട്ടിപ്പിടിക്കേണ്ടതിനെ ആട്ടിയോടിച്ചും ഒഴിവാക്കേണ്ടതിനെ ആനയിച്ചിരുത്തിയും കൂറുപുലർത്തേണ്ടതിനോട് യുദ്ധം പ്രഖ്യാപിച്ചും പിന്തുടരേണ്ടതിനെതിരേ നടന്നും നാം എത്തിച്ചേർന്നതിവിടെ, ഈ യാന്ത്രികയുഗത്തിൽ. സാങ്കേതികതയുടെ ഉന്നതങ്ങളിൽ.ഇലക്ട്രോണിക് വേരുകൾ സാറ്റലൈറ്റ് ഭൂമികയിൽ ആഴ്ത്തി തിടം വച്ചു നിൽക്കുന്ന ഒരു മായികതയിൽ.
യുഗങ്ങളോളം ദൂരത്തായിരുന്നു നമ്മൾ. പക്ഷേ ഇപ്പോഴിതാ ഭൂഖണ്ഡങ്ങളൊക്കെയും ഒരു മൌസ്ക്ലിക്കിന്റെ നേരദൂരത്തിൽ. നമ്മുടെ ഏകാന്ത മുറികളോളം ലോകം ചുരുങ്ങി. ആകാശത്തിൽ നക്ഷത്രങ്ങൾ പോലെ ഭൂമിയിൽ ചിതറിക്കിടന്ന ഗ്രാമങ്ങളെയും ദേശങ്ങളെയും അതിന്റെ എല്ലാ തനിമകളോടെയും ഫ്രീസ് ചെയ്തിരിക്കുന്നു. പകരം ഒരേയൊരിടം. ലോകമിപ്പോൾ ഒരു കറങ്ങിത്തിരിയുന്ന ഗ്ലോബ്. മനുഷ്യനടക്കം വില്പനയ്ക്ക് വച്ചിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വിപണി. ഈടുവയ്പുകൾ എന്നാൽ പണവും സ്വപ്നമെന്നത് ലാഭവുമായി മാറ്റിയെഴുതപ്പെട്ട ഒരു ഷോഗ്രൌണ്ട്. ഇതാ അമ്മയുടെ കണ്ണീരിന്റെ കണ്ടന്റ് സോഡിയം ക്ലോറൈഡാണ് എന്ന് നിർവികാരപ്പെടുന്ന മക്കളുടെ ഡിജിറ്റലൈസ് ചെയ്യപ്പെട്ട യുഗം പിറവികൊണ്ടു.
പ്രളയജലം പൊന്തുമ്പോൾ എല്ലാ അതിരുകളും മാഞ്ഞ് ലോകം ഒന്നാകുന്ന പോലെ ഹൈടെക് കാലത്തിൽ വൈവിധ്യങ്ങളെ ഏകതാനമാക്കി വ്യവസ്ഥ പായുന്നു. ഒരേ സ്വപ്നം, ഒരേ ലക്ഷ്യം, ഒരേ മുഖം, ഒരേ വേഗം, ഒരേ സംസ്കാരം, ഒരേ ഭാഷ. ഒരേ രൂപത്തിലും നിറത്തിലുമുള്ള യൂണിഫോമുകൾ ധരിച്ച മനസ്സുകൾ. വാങ്ങലിന്റെയും വിൽക്കലിന്റെയും താളബോധവും ലയവുമുള്ള സംഗീതം എല്ലാവരും മൂളുന്നു.
ബാബേൽ ഗോപുരം ഒരു ചിഹ്നമാണ്. ഒന്നായിരുന്ന ഒരു സമൂഹം പലതായി ചിന്നിച്ചിതറിപ്പോയതിന്റെ സ്മാരകം. ദൈവം മനുഷ്യരുടെ ജീവിതത്തിൽ ഇടപെട്ട സങ്കീർണ്ണസന്ധിയുടെ പൂർത്തീകരിക്കാത്ത ഉയരം. പക്ഷേ ഇന്നിതാ, ദൈവം സൃഷ്ടിച്ച അതേ വൈവിധ്യങ്ങളെ നവലോകക്രമം വീണ്ടും ഒന്നാക്കുന്നു. ഭാഷ , ദേശം, സംസ്കാരം, തനത് മൂല്യങ്ങൾ, കുലപരമ്പരകൾ, പ്രാക്തനതകൾ, കൂട്ടായ്മകൾ, അങ്ങനെ എല്ലാറ്റിന്റെയും സ്വത്വത്തെ ലിക്വിഡേറ്റ് ചെയ്തിരിക്കുന്നു.ഒന്നായിരിക്കുന്നതിനെ രണ്ടായി കാണുന്നതിന്റെ ഇണ്ടൽ അല്ല അനേകമായിരിക്കുന്നതിനെ ഒന്നിലേക്ക് ചുരുക്കുന്നതിന്റെ തിരക്കിലാണ് നാം. നവീനമായ ഒരു അദ്വൈത വേദാന്തം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു. സാങ്കേതികവിദ്യ അതിന് തുണയായി മാറുന്നു.
ആർക്കും മാറി നിൽക്കാൻ കഴിയാത്ത തരത്തിൽ എല്ലാം പുതിയ ക്രമത്തിലേക്ക് ഡീകോഡ് ചെയ്യപ്പെടുന്നു. ദേശ്യമായ ഐഡന്റിറ്റിയുടെ ചിഹ്നങ്ങൾ എല്ലാം ഊരിയെറിഞ്ഞ് ആഗോളപൌരനാവാതിരിക്കുന്നതെങ്ങനെ? ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ കഴിയാത്തതരത്തിൽ കലയും സാഹിത്യവും അതുകൾ പേറുന്ന സാംസ്കാരികതവും കുഴിമാടങ്ങളിൽ അടക്കം ചെയ്യപ്പെടുകയാണോ? പഴയ രീതികളിൽ തന്നെ അതിന് ജനതയെ അഭിസംബോധന ചെയ്യാൻ കഴിയുമോ? അതോ മാറുന്ന കാലത്തിൽ മാറിയ മീഡിയങ്ങളിൽ ചവുട്ടി നിന്നുകൊണ്ട് ചില പ്രതിരോധങ്ങൾ തീർക്കണോ?
നമ്മുടെ കലാ സാഹിത്യ സങ്കേതങ്ങൾ നിരന്തരം മാറ്റപ്പെടുകയാണ്. അതിൽ സാങ്കേതികത പുതിയ രൂപഭാവങ്ങൾക്കായി മനുഷ്യരെ നിർബന്ധിക്കുന്നു. അതിനു വശം വദരാവാതിരിക്കണമെങ്കിൽ അസാമാന്യമായ പുറംതിരിഞ്ഞുനിൽക്കൽ വേണ്ടിവരും. നമ്മെ അത്ഭുതപ്പെടുത്തികൊണ്ട് പുതിയ കാലത്തിന്റെ ആവിഷകാരരൂപങ്ങളും രീതികളും നമ്മുടെ മുന്നിൽ ചിലങ്കകെട്ടിയാടുന്നു. കടലാസിന്റെയും പേനയുടെയും അച്ചടിയുടെയും യുഗത്തിൽ നിന്ന് സാഹിത്യവും കലയുമെല്ലാം ഓൺലൈൻ ഗ്രാമറിന്റെ ശീലുകൾ സ്വായത്തമാക്കുന്നു. നാം എങ്ങനെ മാറിനിൽക്കും.?
ഇരുപത് വർഷങ്ങൾക്ക് മുൻപ് ‘യന്ത്രസരസ്വതി നമ്മെ സമഭ്രമിപ്പിക്കുമോ’ എന്ന ലേഖനം കെ.പി.അപ്പൻ എഴുതുമ്പോൾ ഇന്റെർനെറ്റിന്റെ ലോകത്ത് മലയാളികൾ വ്യാപകമായി ചേക്കേറിയിരുന്നില്ല. ബ്ലോഗും ഫേസ്‌ബുക്കും ട്വിറ്ററുമൊന്നും നമ്മെ വശീകരിച്ചിരുന്നില്ല. മലയാളസാഹിത്യത്തിന്റെ രൂപഭാവങ്ങളിൽ, ആവിഷ്കാരരീതികളിൽ സാങ്കേതികവിദ്യ എങ്ങനെ സ്വധീനം ചെലുത്തുന്നുവെന്നും ഭാവിയിൽ അത് നമ്മെ വല്ലാതെ സംഭ്രമിപ്പിക്കുമെന്നും പ്രവചനസ്വരത്തിൽ അദ്ദേഹം പറയുകയുണ്ടായി.
“മാറിയ കാലത്തിന്റെ സാംസ്കാരികമായ സ്ഫോടനത്തെ അത്(മലയാള സാഹിത്യഭാവന) അത് ഉള്ളിലേക്ക് സ്വാഗതം ചെയ്യുന്നു. യന്ത്രയുഗത്തിൽ നിന്നോ ഇലക്ട്രോണിക് യുഗത്തിൽ നിന്നോ കമ്പ്യൂട്ടറിന്റെ ലോകത്തിൽ നിന്നോ അതിനു മാറിനിൽക്കാൻ സാധ്യമല്ല. ചുരുക്കത്തിൽ മലയാള സാഹിത്യഭാവന പ്രലോഭിപ്പിക്കപ്പെട്ട അവസ്ഥയിലാണ്.കണിശമായും ഒരു ഇലക്ട്രോണിക് ഓർഫ്യൂസിന്റെ സംഗീതം നമുക്ക് ആവശ്യമില്ല. അത് നമുക്ക് വരാൻ പോകുന്ന നടുക്കമല്ല വരാൻ പോകുന്ന ഒരു തമാശ മാത്രമാണ്” എന്നദ്ദേഹം എഴുതി. ഇന്ന് ഇന്റർനെറ്റിൽ മലയാളത്തിൽ ബ്ലോഗെഴുതുന്ന അനേകായിരം ആളുകൾ ഇത് ശരിവയ്ക്കുന്നു.
അതെ യന്ത്രസരസ്വതി നമ്മെ ഭ്രമിപ്പിക്കുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ തെളിവുനിരത്തുന്ന സ്മരണികയാണിത്. വസന്തം പൂക്കാൻ കൊതിക്കുന്ന എല്ലാ സസ്യങ്ങളെയും പൂക്കാലത്തിലേക്ക് വിരുന്നുവിളിക്കുന്ന പോലെ പുതിയകാലത്തിന്റെ മീഡിയ എഴുതാനാഗ്രഹിക്കുന്ന എല്ലാവരെയും എഴുത്തുകാരാക്കുന്നു. വല്ലാത്ത ഒരു ജനാധിപത്യസംസ്കാരം ഇവിടെ സാധ്യമാകുന്നു. ആർക്കും അക്ഷരങ്ങൾ കൊണ്ട് സിംഫണിതീർക്കാമെന്നാകുന്നു. എല്ലാവരും എഴുത്തുകാരും ആസ്വാദകരുമാകുന്നു. അച്ചടിമാധ്യമങ്ങളും അതിന്റെ പരമാധികാരിയായ എഡിറ്ററും വയ്ക്കുന്ന നിബന്ധനകളില്ലാതെ ഏത് വിഷയവും അസ്പൃശ്യതയില്ലാതെ എഴുത്തിലേക്ക് വരുന്നു. ജീവിതം അതിന്റെ സ്വന്തം കഥകൾ സ്വന്തം ഭാഷയിൽ പറയുന്നു.
ഓൺലൈൻ എഴുത്ത് കാലഹരണപ്പെട്ടെന്നോ, അതിൽ എഴുതുന്നവർ വാൽനക്ഷത്രങ്ങളെപ്പോലെ വേഗം കത്തിത്തീരുന്ന അല്പപ്രതിഭകളാണെന്നോ ഉള്ള വിമർശനങ്ങൾ നിലനിൽക്കെ തന്നെ അവയെ ഒക്കെ അതിജീവിക്കുന്ന പ്രതിഭകൾ ഈ ലോകത്തിൽ നിന്നും പിറവിയെടുത്തു മുഖ്യധാരയിലേക്ക് വരുന്നു. മുഖ്യധാരയിലെ പ്രതിഭകൾ ബ്ലോഗുലകത്തിലേക്കും വരുന്നു.പ്രിന്റ് മീഡിയയോ പുസ്തകലോകമോ മുന്നോട്ട് വയ്ക്കുന്ന ലാഭകരമായ മാനം ബ്ലോഗെഴുത്തിൽ ഇല്ല എന്നത് സമ്മതിക്കുമ്പോൾ തന്നെ ഈയെഴുത്തിന്റെ ലോകത്ത് നിലനിൽക്കുന്ന കൂട്ടായ്മയും സംവാദാത്മകതയും ആർക്കും കാണാതിരിക്കാനാവില്ല.
ഇതിലൊക്കെ ഉപരി ചിതറിപ്പോയ മലയാളികൾ അക്ഷരങ്ങളിലൂടെ ലോകത്തിന്റെ അഷ്ടദിക്കുകളിലിരുന്ന് പരസ്പരം കണ്ണിചേരുന്നതിന്റെ വികരാരനിർഭരമായ രംഗങ്ങൾ ഈയെഴുത്തിന്റെ ലോകത്തുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ സ്മരണിക. കലയും സാഹിത്യവും മാത്രമല്ല മനുഷ്യനു ബാധകമായ എന്തിന്റെ പേരിലും ഒരു ഉപാധികളുമില്ലാതെ ഫലാപേക്ഷകൂടാതെ കൂട്ടുചേരാൻ തയ്യാറാണ് ഈലോകത്തെ മിക്കവരും. എല്ലാവരും ഈ കണ്ണികളിലേക്ക് കോർക്കപ്പെടുകയും നിശ്ചലമാക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യാവുന്ന നമ്മുടെ ഭാഷയെ, സംസ്കാരത്തെ, അതിന്റെ തനിമകളെ, ഭാവിക്കുവേണ്ടി കലർപ്പില്ലാതെ നിലനിർത്താനുള്ള ഊർജ്ജസംഭരണത്തിന്റെ ഭാഗമായി ഈ സ്മരണികയെ കാണണം എന്ന് മാത്രം പറയട്ടെ.
ആരാലും നിർബന്ധിക്കപ്പെടാതെ, ഒരു ഉപാധിയും വയ്ക്കാതെ എത്രയോ പേരാണ് ഇതിൽ കൂട്ടുചേർന്നിരിക്കുന്നത്. ജീവിതത്തെ സംബന്ധിച്ച എന്തും ഈ സ്മരണികയിൽ ഇടം നേടിയിരിക്കുന്നു. ഒന്നിനോടുമുള്ള വെല്ലുവിളിയല്ല, പഴയ അണ്ണാറക്കണ്ണന്റെ കർത്തവ്യബോധമാണ് ഇതിന്റെ പിന്നിൽ. മനോഭാവം ഒരു ജനത അതിന്റെ എല്ലാ ഭാവങ്ങളോടും മൂല്യങ്ങളോടും നിലനിൽക്കണമെന്ന ആഗ്രഹവും.
കെ.പി. അപ്പന്റെ വാക്കുകൾ വീണ്ടും ഒന്നുകൂടി ഓർമ്മിക്കട്ടെ. “ തെറ്റിദ്ധരിക്കരുത്. ഈ ചിന്ത നമ്മുടെ സാഹിത്യത്തിൽ സാങ്കേതികവിദഗ്ദ്ധരുടെ ഭരണം വരാൻ പോകുന്നു എന്നല്ല സ്ഥാപിക്കുന്നത്. എന്നാൽ നമ്മുടെ ഭാഷയും സാഹിത്യഭാവനയും ആധുനികയുഗത്തിനിണങ്ങുന്ന പുതിയ സാങ്കേതികമാർഗ്ഗങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കുക തന്നെ വേണം..... കാര്യങ്ങളെ സാമ്പ്രദായികമായ രീതിയിൽ മാത്രമേ അനുഭവിക്കാൻ കഴിയൂ എന്നതാണ് നിലനില്പിനെ സംബന്ധിക്കുന്ന കഠിനമായ ദു:ഖം എന്ന് ഡി.എഛ്.ലോറൻസ് എപ്പോഴും പറയുമായിരുന്നു.”
ലോകത്തിന്റെ പലകോണിലിരുന്നാലും ഒരുമനസ്സോടെ ഒരേ വിചാരത്തോടെ പരാതികളില്ലാതെ ഈയെഴുത്തിന്റെ സൃഷ്ടികർമ്മത്തിൽ ഏർപ്പെട്ട ഓരോരുത്തർക്കും മനസ്സിന്റെ സ്നേഹം പങ്കുവച്ച് ഓരോ മലയാളിക്കുമായി ഈ സ്മരണിക സമർപ്പിക്കുന്നു. നെരൂദയുടെ താഴെപ്പറയുന്ന വരികളിൽ ബ്ലോഗിന്റെ മനസ്സ് ഉണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നു.
എന്റെ പേരെന്താണ്,
അല്ലെങ്കിൽ എന്റെ പേരില്ലായ്മ എന്താണ്?
അതായത്
നാം ജീവിതത്തിൽ പിറന്നപടി വന്നിറങ്ങുന്നു.
നമുക്ക് വായ് കുത്തിനിറയ്ക്കാതിരിക്കുക.
വായിൽ കൊള്ളാത്ത ഇത്രയേറെ പേരുകൾകൊണ്ട്
വേദനിപ്പിക്കുന്ന ഇത്രയേറെ
ഉപചാരവചസ്സുകൾ കൊണ്ട്
ഇത്രയേറെ എന്റേതും നിന്റേതും കൊണ്ട്,
ഇത്രയേറെ കടലാസ്സൊപ്പിടലുകൾ കൊണ്ട്
വസ്തുക്കളെയെല്ലാം അന്ധാളിപ്പിക്കാനാണ്
എന്റെ ഭാവം.
എല്ലാം ഒന്നിപ്പിക്കാൻ, എല്ലാറ്റിനും പുതുതായി
ഉയിർകൊടുക്കാൻ
കൂട്ടിക്കലർത്താൻ, എല്ലാം തുറന്നുകാട്ടാം
ലോകത്തിലെ വെളിച്ചം മുഴുവൻ
സമുദ്രം പോലെ ഒന്നാകുന്നതുവരെ
ഉദാരമായ ഒരൊറ്റ സമഗ്രതയാകുന്നതുവരെ,
കിരുകിരുക്കുന്ന ഒരു സജീവസൌരഭ്യമായി
അത് രൂപം കൊള്ളുന്നതുവരെ....
(ഒട്ടുവളരെ പേരുകൾ- പാബ്ലോ നെരൂദ)